ദൈവത്തെയോര്‍ത്ത് പാര്‍ലമെന്റിന്റെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കുവെന്ന് എംപിമാരോട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റില്‍ മുറിയ്ക്കുവേണ്ടി അവകാശം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും തെലുങ്കുദേശം പാര്‍ട്ടിയുടെയും എംപിമാര്‍ തമ്മിലുള്ള തര്‍ക്കം കൈയ്യാങ്കളിയുടെ വക്കോളമെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.
പാര്‍ലമെന്റിന്റെ പ്രതാപവും അഭിമാനവും കാത്തുസൂക്ഷിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുമായ നമ്മളുടെ ചുമതലയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ് ഈ സ്ഥാപനം. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതിന്റെ അന്തസ് സംരക്ഷിക്കാനാവില്ല- രാഷ്ട്രപതി പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയന്മാര്‍ക്കുള്ള പുരസ്കാര വിതരണ ചടങ്ങിലാണ് രാഷ്ട്രപതി വികാരാധീനനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റിന്റെ പടിതൊട്ട് വന്ദിച്ചത് രാഷ്ട്രപതി സദസിനെ ഓര്‍മ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ള ആദരവും പരിശുദ്ധിയുമാണ് അത് സൂചിപ്പിക്കുന്നതെന്നും മോഡിയുടെ പ്രവൃത്തി തന്നെ ആകര്‍ഷിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.
പാര്‍ലമെന്റില്‍ രണ്ടാം നിലയിലെ അഞ്ചാം നന്പര്‍ മുറിയെ ചൊല്ലിയായിരുന്നു ടിഎംസി- ടിഡിപി എംപിമാരുടെ തര്‍ക്കം.