‘ഷാരൂഖിനെയും അമിറിനെയും അവര്‍ വേട്ടയാടി; ഇപ്പോഴത്തെ ഇര ഞാനാണ്’; ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രകാശ് രാജ്
ബിജെപിക്ക് വോട്ടു ചെയ്ത് ദുരന്തം സ്വയം വിളിച്ചുവരുത്തിയെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ്. ജനത്തിന്റെ ഈ തിരിച്ചറിവിനെ അവര്‍ അടിച്ചമര്‍ത്തി കൊണ്ടിരിക്കുകയാണ്. തന്നെപ്പോലുള്ളവര്‍ക്ക് ഒന്നു മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം സംജാതമായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കുന്നവരെ ബിജെപി പലതരത്തില്‍ വേട്ടയാടുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും അതിന്റെ ഇരകളാണ്. ഷാരൂഖിനെ ഒറ്റപ്പെടുത്തിയപ്പോള്‍ ആമിറിനെ അംബാസിഡര്‍ സ്ഥാനത്തു നിന്നും നീക്കുകയും അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ വിലക്കുകയും ചെയ്‌തു. സമാനമായ സാഹചര്യത്തിലൂടെയാണ് താനും കടന്നു പോകുന്നതെന്നും പ്രകാശ് രാജ് കൂട്ടി ചേര്‍ത്തു.
തന്നെപ്പോലുള്ളവര്‍ക്ക് മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം ബിജെപി സൃഷ്ടിച്ചിരിക്കുകയാണ്. ഞാന്‍ അഭിനയിച്ച പരസ്യങ്ങള്‍ക്കും വിലക്ക് വീഴുകയാണ്. പല തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നടക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഇതിന് ഉദാഹരണമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.