വിമുക്തഭടന്റെ ആത്മഹത്യയ്ക്ക് കാരണം ഒരു റാങ്ക്, ഒരു പെന്‍ഷന്‍ അല്ലെന്നും അത് ബാങ്കിടപാടുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്രമന്ത്രി വി കെ സിങ്. കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തോടെ വിമുക്തഭടന്റെ ആത്മഹത്യ വീണ്ടും വിവാദമായിരിക്കുകയാണ്. ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ഈ വി കെ സിങ് ഇങ്ങനെ പറഞ്ഞത്.
ആത്മഹത്യ ചെയ്ത സുബേദാര്‍ രാം കിഷന്‍ ഗ്രെവാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നെന്ന് വി കെ സിങ് പറഞ്ഞു. സേനയില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ഹരിയാനയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചതാണെന്നും സര്‍പഞ്ചായി (വില്ലേജ് കൌണ്‍സില്‍ ഹെഡ്) പ്രവര്‍ത്തിച്ചിരുന്നുവെന്നും വി കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇതും വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതിപ്രകാരമുള്ള പെന്‍ഷന്‍ നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹരിയാന സ്വദേശിയായ വിമുക്തഭടന്‍ രാം കിഷന്‍ ഗ്രെവാള്‍ കഴിഞ്ഞദിവസമായിരുന്നു ആത്മഹത്യ ചെയ്തത്. വിമുക്തഭടന്റെ ആത്മഹത്യയ്ക്ക് കാരണം മോഡി സര്‍ക്കാര്‍ ആണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് കേന്ദ്രമന്ത്രിമാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.