കലാപത്തിന് ആഹ്വാനം ചെയ്തു; ശ്രീ ശ്രീ രവിശങ്കറിനെതിരെ കേസെടുത്ത് പൊലീസ്

വെള്ളി, 9 മാര്‍ച്ച് 2018 (14:00 IST)
മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു. രവിശങ്കറിനെതിരെ മുസ്ലീംപണ്ഡിതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലെ മൊഗാല്‍പുര പൊലീസാണ് കേസെടുത്തത്. 
 
അയോധ്യയിലെ തർക്കഭൂമി സംമ്പന്ധിച്ച് ക്ഷേത്രത്തിനു എതിരായി വിധി ഉണ്ടായാൽ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും അങ്ങനെയുണ്ടായാൽ ഭൂരിഭാകം വരുന്ന ഹിന്ദുക്കൾ വെറുതെയിരിക്കില്ലെന്നുമായിരുന്നു രവിശങ്കറിന്റെ വിവാദമായ പ്രസ്താവന.
 
'മുസ്ലീങ്ങൾ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ അയോധ്യയിലുള്ളു. തങ്ങൾക്ക് ഒരിക്കലും രാമന്റെ ജന്മസ്ഥലം മാറ്റാനാകില്ല. ഇസ്ലാം വിശ്വാസപ്രകാരം തർക്കഭൂമിയിൽ പ്രാർഥന നടത്താൻ പാടില്ല. ക്ഷേത്രത്തിന് എതിരായ വിധി ഉണ്ടായാൽ രാജ്യത്തിനകത്ത് സിറിയയിലേതിനു സമാനമായ അവസ്ഥയുണ്ടാകും ' - ഇങ്ങനെയായിരുന്നു രവിശങ്കർ ഒരു ദേശിയ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 
 
രവിശങ്കറിന്റെ പ്രസ്താവന വിവാദമായതോടെ ഇതിനെതിരെ മുസ്ലിം മതപണ്ഡിതന്മാർ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിനെതിരെ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വെഷണത്തിൽ മതവികാരം വ്രണപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് രവിശങ്കറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍