എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്ന് പൊലീസ് കേസെടുക്കും. ഇതോടെ സംഭവത്തില്‍ പരസ്യ പ്രതിഷേവുമായി വൈദികര്‍ രംഗത്തെത്തി. കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ട് വൈദികര്‍ കാക്കനാട്ടെ സഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
സഹായ മെത്രാന്മാരായ ജോസ് പുത്തന്‍വീട്ടില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ ബിഷപ്പ് ഹൗസിലെത്തി മാര്‍ ആലഞ്ചേരിയെ കാണും. ഭൂമിയിടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ ആലഞ്ചേരി മാറിനില്‍കണമെന്ന് വൈദികര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി അടക്കം നാല് പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശമാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ആലഞ്ചേരി അടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുക്കുക. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ ജോഷ് പൊതുവ, ഫാ വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.