കാശ്‌മീരിൽ തീവ്രവാദികളെ അതിർത്തി കടക്കാൻ പോലീസ് സഹായിക്കുന്നു, ഗുരുതര ആരോപണവുമായി ശിവസേന

അഭിറാം മനോഹർ
ശനി, 18 ജനുവരി 2020 (15:36 IST)
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാശ്‌മീരിലെ പോലീസിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് ശിവസേന. കാശ്‌മീരിൽ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്നും പോലീസ് തന്നെ തീവ്രവാദികൾക്ക് അതിർത്തി കടക്കുന്നതിനായി സഹായിക്കുന്നതായും ശിവസേന ആരോപിച്ചു.
 
പോലീസ് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കാശ്‌മീരിൽ സർക്കാർ പോലീസിനെ മറ്റു സേവനങ്ങൾക്കായി ഉപയോഗിക്കുന്നതാണ് കാണപ്പെടുന്നത്. ഈ കാര്യങ്ങൾ പരിഗണിച്ച് പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ പ്രകടിപ്പിച്ചാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്ത് മറുപടിയായിരിക്കും നൽകുകയെന്നും ശിവസേന മുഖപത്രമായ സാമ്‌ന ചോദിക്കുന്നു.
 
എന്നാൽ ജമ്മു കാശ്‌മീരിൽ 370ആം അനുഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ജനങ്ങള്‍ക്കുളള സന്തോഷവും ആശ്ചര്യവും റിപ്പബ്ലിക് ദിന ആഘോഷത്തില്‍ വ്യക്തമാകുമെന്നും ജമ്മു കാശ്‌മീരിൽ എല്ലാ വീടുകൾക്ക് മുകളിലും ത്രിവർണ പതാക പാറുന്നത് നമുക്ക് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാ‌മ്‌ന പറയുന്നു. സമീപകാലത്തായി തീവ്രവാദികൾ അറസ്റ്റിലായതിനാൽ ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സമാധാനപരമായി റിപ്പബ്ലിക് ദിനാഘോഷം നടക്കുമെന്ന ശുഭാപ്തി വിശ്വാസവും ലേഖനം പ്രകടിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article