അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ ലേലം ചെയ്തു; ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2015 (16:22 IST)
അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ ലേലം ചെയ്ത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മുസാഫര്‍നഗറിലാണ് സംഭവം.  സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ ജിതേന്ദ്ര ചൗധരിയാണ്‌ പിടിയിലായത്‌.

വിവാഹത്തിന്‌ മുമ്പ്‌ കുഞ്ഞിന്‌ ജന്മം നല്‍കുന്നത്‌ സമൂഹത്തില്‍ അപമാനമായിരിക്കുമെന്നും കുഞ്ഞിനെ ഉപേക്ഷിച്ചില്ലെങ്കില്‍ സമൂഹത്തില്‍ അപമാനിക്കപ്പെടുമെന്ന്‌ ഡോക്‌ടര്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ ആശുപത്രിയില്‍ തന്നെ ഉപേക്ഷിക്കാനും ഡോക്‌ടര്‍ നിര്‍ബന്ധിച്ചെന്ന്‌ പോലീസ്‌ പറയുന്നു.

തനിക്ക്‌ നല്‍കാമെന്ന് സമ്മതിച്ച കുഞ്ഞിനെ കൂടുതല്‍ പണം കൊടുത്ത മറ്റൊരാള്‍ക്ക് നല്‍കിയെന്ന പരാതിയുമായി അലീം അഹമ്മദ്‌ എന്ന ആള്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്താകുന്നത്‌. ഇതോടെ കുഞ്ഞിനെ വിറ്റ കുറ്റത്തിന്‌ ഡോക്‌ടറെ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു. രോഗബാധിതയായി കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്‌ ജന്മം നല്‍കിയ യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല