ഒന്നും പഠിക്കാതെയാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്; പെട്ടെന്ന് എടുത്ത തീരുമാനം; രാജ്യത്തെ കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല - രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് ആനന്ദ് ശര്‍മ്മ

Webdunia
ബുധന്‍, 16 നവം‌ബര്‍ 2016 (14:54 IST)
രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. രാജ്യസഭയില്‍ ആണ് പ്രധാനമന്ത്രിക്കെതിരെ ആനന്ദ് ശര്‍മ്മ രംഗത്തെത്തിയത്. ആരാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ പാര്‍ലമെന്റ് മുഴുവന്‍ അപലപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഗോവയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു കള്ളപ്പണം തടയുന്നതിനുള്ള നടപടി എടുത്തതിന്റെ പേരില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
 
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ സാമ്പത്തിക അരാജകത്വമാണ് ഉണ്ടാകുന്നത്. മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നിലും എ ടി എമ്മുകള്‍ക്ക് മുന്നിലും ക്യൂ നിന്നിട്ടും പണം ലഭിക്കാതെ ജനങ്ങള്‍ തിരികെ പോകുകയാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് പ്രധാനമന്ത്രി മാപ്പു പറയണം. സാധാരണക്കാരന്റെ ഒരു പ്രശ്നവും മനസ്സിലാക്കാതെ പെട്ടെന്ന് എടുത്ത തീരുമാനമാണിത്. അഞ്ചും ആറും ദിവസം സാധാരണക്കാരെ വരി നിര്‍ത്തിയിട്ട് അവരെ കള്ളപ്പണക്കാരെന്ന് വിളിക്കുന്നു.
 
രാജ്യത്തെ കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവരിപ്പോഴും സുരക്ഷിതരായി കഴിയുന്നു. നിയമം ഇതാണോയെന്നും കള്ളപ്പണക്കാര്‍ക്ക് എതിരെയുള്ള പോരാട്ടം ഇങ്ങനെയാണോയെന്നും ആനന്ദ് ശര്‍മ്മ ചോദിച്ചു. ഒന്നും പഠിക്കാതെയാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു.
Next Article