ജാമ്‌നഗര്‍: ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി ഗുജറാത്തിലെ ജാമ്‌നഗറില്‍ സ്ഥിതിചെയ്യുന്ന മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്യജീവികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന 3,000 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വനതാരയില്‍ പ്രധാനമന്ത്രി ഏറെ സമയം ചെലവഴിച്ചു. മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ലോകോത്തര തലത്തിലുള്ള സൗകര്യങ്ങള്‍ അദ്ദേഹം പരിശോധിച്ചു. പ്രശസ്ത വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് വനതാര നിര്‍മ്മിച്ചിരിക്കുന്നത്.
ശംഖനാദവും മന്ത്രോച്ചാരണവും ലോകകലാകാരന്മാരുടെ ഗാന-വാദ്യങ്ങളുമായാണ് അംബാനി കുടുംബം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. മൃഗങ്ങള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡയഗ്‌നോസ്റ്റിക് സ്യൂട്ട്, സിടി സ്‌കാന്‍, എംആര്‍ഐ, അള്‍ട്രാസൗണ്ട്, എന്‍ഡോസ്‌കോപ്പി തുടങ്ങിയ വിശേഷ ചികിത്സാ ഉപകരണങ്ങളുടെ ലൈവ് പ്രദര്‍ശനം പ്രധാനമന്ത്രി പരിശോധിച്ചു. മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും സന്ദര്‍ശിച്ചു.
ഏഷ്യന്‍ സിംഹങ്ങളുടെ കുഞ്ഞുങ്ങള്‍, വെളുത്ത സിംഹങ്ങളുടെ കുഞ്ഞുങ്ങള്‍, അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്ന ക്ലൗഡഡ് ചിരുതകളുടെ കുഞ്ഞുങ്ങള്‍ എന്നിവയെ പ്രധാനമന്ത്രി നേരിട്ട് കണ്ടു. വെളുത്ത സിംഹം, കുട്ടിവ്യാഘ്രം, കാണ്ടാമൃഗം എന്നിവയുടെ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം കൈകൊണ്ട് പാല്‍ കൊടുത്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. ഏഷ്യന്‍ സിംഹം, ഹിമചിരുത, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം തുടങ്ങി ഗോള്‍ഡന്‍ ടൈഗര്‍, വെളുത്ത സിംഹം, ഹിമചിരുത എന്നിവയും ഈ വനതാര കേന്ദ്രത്തിലുണ്ട്. 240-ലധികം രക്ഷപ്പെടുത്തപ്പെട്ട അല്ലെങ്കില്‍ രോഗബാധിതമായ ആനകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ടതും ദുരുപയോഗത്തിന് ഇരയായതുമായ ഈ ആനകള്‍ക്ക് വനതാരയില്‍ ലോകതലത്തിലുള്ള മൃഗവൈദ്യചികിത്സയും പരിചരണവുമാണ് നല്‍കുന്നത്. ലഭിക്കുന്നു. ആനകള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി വനതാരയുടെ ഒരു പ്രത്യേകതയാണ്.