ബാലാക്കോട്ട്; സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന, മോദിയുടെ പ്രസംഗം ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 11 ഏപ്രില്‍ 2019 (10:45 IST)
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ത്ഥിച്ചതിനെതിരെ തിരഞ്ഞെടുപ്പ് ഓഫീസർ. മോദിയുടേത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം.  
 
ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവരോടുള്ള അഭ്യര്‍ത്ഥനയിലാണ് മോദി ബാലാക്കോട്ട് വിഷയം എടുത്തിട്ടത്. നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനു വേണ്ടി നല്‍കണം. പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരരായ ജവാന്‍മാര്‍ക്കു വേണ്ടി നിങ്ങള്‍ വോട്ട് ചെയ്യണം. ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും മോദി പറഞ്ഞു. ഇതാണ് വിവാദമായത്.
 
മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് കാണിച്ച് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറും ശരി വെയ്ക്കുകയാണെങ്കില്‍ വിശദീകരണം ചോദിക്കലടക്കമുള്ള നടപടികള്‍ ആവശ്യപ്പെടാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍