ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കുമെന്ന് ജസ്റ്റിസ് സി എസ് കർണൻ. വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ താൻ തീരുമാനിച്ചുവെന്നും പത്രിക സമർപ്പിക്കുന്നതിനുള്ള നടപടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. വാരണാസി കൂടാതെ ചെന്നൈ സെന്ററിൽ നിന്നും ജസ്റ്റിസ് കർണൻ ജനവിധി തേടുന്നുണ്ട്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ജസ്റ്റിസ് കർണൻ. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ തുറന്ന കത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയുടെ എഴംഗ ബെഞ്ച് കോടതിയലക്ഷ്യത്തിനു കേസ് എടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.