അപകടകാരികളായ പിരാനകള്‍ ഇന്ത്യന്‍ നദികളില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍

Webdunia
ചൊവ്വ, 26 മെയ് 2015 (13:52 IST)
ലോകത്തിലെ ഏറ്റവും അപകടകാരിയായ മാംസഭോജി മത്സ്യമായ പിരാനകൾ ഇന്ത്യയിലെ നദികളിലെത്തിയതായി റിപ്പോർട്ടുകൾ. റെഡ്-ബെല്ലീഡ് പിരാനകൾ എന്നറിയപ്പെടുന്ന ഏറ്റവും അപകടകാരിയായ പിരാനകളാണ് ഇന്ത്യന്‍ നദികളിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിലാണ് ഇവയെ കണ്ടെത്തിയത്.

കഴിഞ്ഞ വർഷമാണ് പിരാന മത്സ്യങ്ങളെ ആദ്യമായി ഇന്ത്യയിൽ കണ്ടെത്തുന്നത്. ആന്ധ്രയിലെ രാജാഹ്‌മുൻഡ്രിയിലെ ദൗലേശ്വരം ബാഗേജിൽ പിരാനകളെ കണ്ടെത്തിയതായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (ഡബ്ല്യൂ.ഐ.ഐ)റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് കൃഷ്ണ നദിയിലും പിരാനകളെ കണ്ടെത്തി. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ 'രൂപ് ചന്ദ്' എന്നാണ് പിരാനകളെ വിളിക്കുന്നത്. ഇവയെ വലവീശിപ്പിടിച്ച് മാർക്കറ്റുകളിൽ വിൽക്കുകയും ചെയ്യുന്നുണ്ട്. ഇവയുടെ പ്രത്യേകത മൂർച്ചയേറിയ പല്ലുകളാണ്.

തെക്കൻ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ,​ വെനിസ്വേല എന്നിവിടങ്ങളിലും ആമസോണിലെ നദികളിലും മറ്റും കാണപ്പെടുന്ന ഇവ മറ്റു മത്സ്യങ്ങളെ ഭക്ഷണമാക്കുന്നവയാണ്. ഭക്ഷണ ദൌര്‍ലഭ്യം ഉണ്ടാവുകയാണെങ്കില്‍ മനുഷ്യരെപ്പോലും ആക്രമിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട് എന്നതിനാല്‍ ഇവയെ സൂക്ഷിക്കേണ്ടതാണ്. അവയുടെ ആവാസസ്ഥലത്തെത്തുന്ന മനുഷ്യരുടെ സ്വകാര്യ ഭാഗം മുറിച്ചെടുക്കുന്നതിനാൽ ഇവയെ 'ബാൾ കട്ടർ' എന്നും വിശേഷിപ്പിക്കാറുണ്ട്.

എന്നാൽ അപകടകാരികളായ ഈ മത്സ്യങ്ങൾ നദിയിലെ മറ്റ് മത്സ്യങ്ങളുടെ നിലനിൽപ്പിനും നദിയിലെ വിഭവങ്ങൾക്കും ഭീഷണിയാണെന്നാണ് ഡബ്ല്യൂ.ഐ.ഐ പറയുന്നത്. നദിയുടെ സമീപ പ്രദേശത്ത് താമസിക്കുന്നവർക്കും, അക്വേറിയം സൂക്ഷിപ്പുകാർക്കും മറ്റും ഇത് സംബന്ധിച്ച് അവബോധം നൽകണമെന്നും അപകട സാധ്യത ഒഴിവാക്കാൻ വേണ്ട നടപടികളും ഇവയെ ഇല്ലായ്മ ചെയ്യാനുള്ള വഴികളും നോക്കണമെന്നും അവർ വ്യക്തമാക്കി.