പട്ടേല്‍ സമരം രാജ്യവ്യാപകമാക്കുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2015 (12:24 IST)
സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭം ഇനി രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് പട്ടേല്‍ സംവരണസമരസമിതി കണ്‍വീനര്‍ ഹര്‍ദിക് പട്ടേല്‍.സമാനമായ അവഗണന അനുഭവിക്കുന്ന മറ്റു സമുദായങ്ങളുമായി ചേര്‍ന്ന് സമരം ദേശീയതലത്തിലേക്ക് വ്യാപകമാക്കുമെന്നാണ് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞത്. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകെ കാണുകയായിരുന്നു ഹാര്‍ദ്ദിക്.

ഡല്‍ഹിയിലെത്തിയ ഹാര്‍ദ്ദിക് പ്രധാന പട്ടേല്‍ നേതാക്കളെ ഇന്ന് കാണും. ഗുജറാത്ത് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും കണ്ടു സംസാരിക്കന്‍ ശ്രമിക്കുകയാണെന്നും 22-കാരനായ ഹര്‍ദിക് പറഞ്ഞു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടെങ്കിലും ഇന്ന് പൊതുവേ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച രക്ഷാബന്ധന്‍ ആഘോഷത്തിനായി അഹമ്മദാബാദില്‍ കര്‍ഫ്യൂ ഇളവ് ചെയ്തിരുന്നു.

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പേരുള്ള ഗുജറാത്തിന് 25,000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കലാപം വരുത്തിവെച്ചത്. എങ്കിലും ഒക്ടോബറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്നും ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.