ഇത് ചരിത്ര വിധി; ദയാവധത്തിന് സുപ്രീം‌കോടതിയുടെ അനുമതി, ഉപാധികള്‍ ബാധകം

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (12:24 IST)
ചരിത്രവിധിയുമായി സു‌പ്രീം‌കോടതി. നിഷ്ക്രിയ’ ദയാവധത്തിന് ഉപാധികളോടെ അനുവദിക്കാമെന്ന് സുപ്രീം‌കോടതി. മെഡിക്കൽ ബോർ‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാൻ സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച് സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.  
 
അസുഖം മൂലം ഒരാള്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ രോഗിയുടെ നേരത്തേയുള്ള സമ്മതപത്രം ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കാമെന്നാണ് സുപ്രീം‌കോടതി നിരീക്ഷിച്ചത്.
 
ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്നു വയ്ക്കാം. പക്ഷേ, മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാൻ അനുവാദം നൽകില്ലെന്നും വിധിയിൽ പറയുന്നു. നല്ല ആരോഗ്യാവസ്ഥയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ദയാവധം ആവശ്യപ്പെടാന്‍ ആകില്ലെന്നും സുപ്രീം‌കോടതി നിരീക്ഷിച്ചു.  
 
ഒരിക്കലും അസുഖം മാറില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പുനൽകിയാൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിൻവലിക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ചരിത്ര വിധി പുറപ്പെടുവിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article