മുസാഫര്‍നഗര്‍കലാപത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി ജെ പിയും കൈകോര്‍ത്തെന്ന് അന്വേഷണക്കമ്മീഷന്‍

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (13:06 IST)
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 2013ല്‍ നടന്ന കലാപത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി ജെ പിയും കൈകോര്‍ത്തെന്ന്  അന്വേഷണക്കമ്മീഷന്‍. ജസ്റ്റിസ് (റിട്ടയര്‍ഡ്) വിഷ്‌ണു ഷായി കമ്മീഷന്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. കലാപത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെടുകയും 50, 000 ത്തോളം പേര്‍ക്ക് വീട് നഷ്‌ടമാകുകയും ചെയ്തിരുന്നു.
 
സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ആയിരുന്നു കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഷായി കമ്മീഷനെ നിയോഗിച്ചത്. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായികിന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് അയച്ചു നല്കും.
 
“റിപ്പോര്‍ട്ടിന്റെ ആദ്യകോപ്പി കമ്മീഷന്‍ നല്കിയിട്ടുണ്ട്. ഇത് എത്രയും പെട്ടെന്നു തന്നെ കൂടുതല്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് അയച്ചു നല്‍കും” - ഗവര്‍ണര്‍ നായിക് പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഷായിയെ കൂടാതെ അന്വേഷണ കമ്മീഷന്‍ സെക്രട്ടറി ദിലിപ് കുമാറും രാജ്‌ഭവനില്‍ എത്തിയിരുന്നു.
 
മുസാഫര്‍നഗര്‍ കൂടാതെ 2013 സെപ്‌തംബറില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെല്ലാം പിന്നില്‍ ബി ജെ പിയും സമാജ്‌വാദി പാര്‍ട്ടിയും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
 
775 പേജുള്ള റിപ്പോര്‍ട്ട് ആറ് അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ആണ് ഷായി.