നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യന്‍ സൈനികന്‍ ചന്തു ബാബുലാലിനെ മാനുഷിക പരിഗണനയുടെ പേരില്‍ പാകിസ്ഥാന്‍ വിട്ടയച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വാഗ അതിര്‍ത്തിയില്‍ വെച്ചു സൈനികനെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.
നിയന്ത്രണരേഖ മറികടന്നതിന് കഴിഞ്ഞ സെപ്‌തംബറിലാണ് പാകിസ്ഥാന്‍ ബാബുലാലിനെ പിടികൂടിയത്. രാഷ്‌ട്രീയ റൈഫിള്‍സിലെ സൈനികനായിരുന്നു ഇയാള്‍. ജോലിസമയത്ത് ഇയാള്‍ അശ്രദ്ധമായി നിയന്ത്രണരേഖ മറികടക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു.
പാക് അധീന കശ്‌മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു ഇന്ത്യന്‍ സൈനികന്‍ പാക് പിടിയിലായത്. എന്നാല്‍, ചന്തു ബാബുലാല്‍ മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം പിന്നീട് അറിയിച്ചിരുന്നു.