അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
വ്യാഴം, 16 ജൂലൈ 2015 (17:46 IST)
അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കിയാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ. അതിര്‍ത്തിയിലെ തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളും പാകിസ്ഥാന്‍ വെടിവച്ചിട്ട ആളില്ലാ വിമാനം (ഡ്രോൺ) വിഷയത്തിലും നറ്റത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി ആരോപിച്ചു. പാക്ക് ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പാക് സൈന്യം വെടിവച്ചിട്ട ഡ്രോണ്‍ ഇന്ത്യയുടേതല്ലെന്നും ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഇത് ചൈനീസ് നിർമിതമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ ഇന്ത്യ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് പാക്ക് അധീന കശ്മീരിലെ ബഹിബറിൽ പാക്ക് സൈന്യം ഡ്രോൺ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കുന്നത് ചൈനീസ് നിർമ്മിത ഡിജി പാന്തോം 3 എന്ന ഡ്രോൺ ആണിതെന്നാണ്. ഇന്ത്യ ഇത്തരത്തിലുള്ള ഡ്രോൺ വാങ്ങിയിട്ടില്ലെന്നും പാക്കിസ്ഥാന്റെ തന്നെ പക്കലാണ് ഇത്തരം ഡ്രോൺ ഉള്ളതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ തന്നെ ഇന്ത്യൻ സൈന്യം ഇക്കാര്യം നിഷേധിച്ചിരുന്നു. പാക്കിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് വന്ന ഡ്രോൺ ആണ് വെടിവച്ചു വീഴ്ത്തിയത്. ക്യാമറ ഘടിപ്പിച്ച ഡ്രോൺ ആണ് അതിർത്തി കടന്നുവന്നത്. ആകാശ ചിത്രങ്ങൾ എടുക്കാനാണ് ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നതെന്നും പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു.