ദക്ഷിണേന്ത്യയില്‍ ഏത് നിമിഷവും ഭീകരാക്രമണം: സുരക്ഷ ശക്തം

Webdunia
ഞായര്‍, 4 ജനുവരി 2015 (11:06 IST)
പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ 26/11 മുംബൈ ഭീകരാക്രമണ ശൈലിയില്‍ ഇന്ത്യയില്‍ ആക്രമം നടത്താന്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ പദ്ധതിയിടുന്നതായി കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം വ്യക്തമാക്കി. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒരേസമയത്ത് ആക്രമം നടത്താനാണ് തീവ്രവാദികളുടെ തീരുമാനമെന്ന് വ്യക്തമാകുന്നത്.

ദക്ഷിണേന്ത്യയിലെ വിദേശ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍, കര, വ്യോമ, നാവിക സേന കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പാക്ക് തീവ്രവാദ സംഘടനകള്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ചെന്നൈയില്‍ പിടിയിലായ ഐഎസ്ഐ ഏജന്റ് സാക്കിര്‍ ഹുസൈന്‍, അരുണ്‍ സെല്‍വരാജ് തുടങ്ങിയവര്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ ശ്രീലങ്കയിലെ പാക്ക് ഹൈക്കമ്മിഷനു കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്ക കേന്ദ്രമാക്കി പാക്ക് സഹായത്തോടെ ഭീകരര്‍ പരിശീലനം നടത്തുന്നതായും രഹസ്യാന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ശ്രീലങ്ക നിഷേധിച്ചിട്ടുണ്ട്.

അറബിക്കടലില്‍ പാക്ക് ബോട്ട് സ്ഫോടനത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗുജറാത്തില്‍ തീരരക്ഷാ സേനയും അതിര്‍ത്തിരക്ഷാ സേനയും സംസ്ഥാന പൊലീസും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.