അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അതിക്രമം. ഇന്ന് രാവിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരേ നടന്ന ആക്രമത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുമതി നല്‍കിയിരുന്നു.
ബുധനാഴ്ച രാത്രി അക്‌നൂര്‍ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ അഖ്‌നോര്‍ സെക്ടറില്‍ രാത്രി 9.30 ഓടെയാണ് വെടിവയ്പ് നടത്തിയത്. ജമ്മു ജില്ലയിലെ പര്‍ഗ്‌വാളിലും കതുവ ജില്ലയിലെ ഹിരാനഗറിലും പാക് സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. ആക്രമണത്തിന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന ശക്തമായി തിരിച്ചടി നല്‍കി. ഇന്നും ഇന്നലെയുമായി 63 സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ആക്രമണം നടത്തി.
സാംബ മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും മൂന്ന് ജവാന്മാരുള്‍പ്പെടെ ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ സാംബ, ഹിരാനഗര്‍ കത്വ മേഖലകളില്‍ നിന്ന് ഇരുപതിനായിരത്തോളം ഗ്രാമീണര്‍ പലായനം ചെയ്തു.
അതിര്‍ത്തിയിലെ വെടിവെപ്പ് പൂര്‍ണമായി അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി സൈനികതല കൂടിക്കാഴ്ചകള്‍ നടത്തേണ്ടെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെ ചുമതലപ്പെടുത്തിയതായാണ് വിവരം.
ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പതിനഞ്ച് പാകിസ്ഥാന്‍കാര്‍ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണവിഭാഗത്തിന് കിട്ടിയ വിവരം. പാകിസ്ഥാന്റെ രണ്ട് സൈനിക പോസ്റ്റുകള്‍ ബിഎസ്എഫ് പൂര്‍ണമായും തകര്‍ത്തു. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു പാകിസ്ഥാന്‍കാരനെ ആര്‍എസ് പുരയില്‍ ബിഎസ്എഫ് പിടികൂടി.