പാക് അധിനിവേശ കശ്മീരില്‍ പാക് വിരുദ്ധ പ്രക്ഷോഭം

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (08:08 IST)
കശ്മീരില്‍ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാക് ചാര സംഘടനയായ ഐ‌എസ്‌ഐക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പാക് അധിനിവേശ കശ്മീരില്‍ പാക് വിരുദ്ധ പ്രക്ഷോഭം. പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട്  പാക അധിനിവേശ കശ്മീരില് നടന്ന പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാക്ക് അധിനിവേശ കശ്മീരിൽ വികസനം ആവശ്യപ്പെട്ടും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമടക്കമുള്ളവയാണ് ഇവിടുത്തെ ജനങ്ങളുടെ ആവശ്യം. ഇവിടങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ ധാരളം നടക്കുന്നതായും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നും ജനങ്ങൾ ആരോപിക്കുന്നു. ജിഹാദിനായി പോരാടാൻ വിസമ്മതിക്കുന്നവരെ ഐഎസ്ഐ ഉപദ്രവിക്കുന്നതായും പാക്ക് അധിനിവേശ കശ്മീരിലെ യുവാക്കൾ പറയുന്നു.

സർക്കാരിനെതിരെ പോരാടുന്നവരെ അടിച്ചമർത്തുന്നതിന് പാക്ക് സൈന്യം ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. മറ്റേതൊരു അയൽരാജ്യങ്ങളെക്കാളും നല്ലത് ഇന്ത്യയാണെന്ന് ഇവർ പറയുന്നതും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. മുസാഫറാബാദ്, ഗിൽഗിറ്റ്, കോട്‌ലി തുടങ്ങിയ സ്ഥലങ്ങളിലാണ് പാക്ക് സർക്കാരിനെതിരായ പ്രതിഷേധം കൂടുതൽ. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യുവാക്കളടക്കമുള്ളവർ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.

മേഖലയില്‍ പാകിസ്താനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. കശ്മീര്‍ താഴ്വരയിലെ ചെറിയ സംഘര്‍ഷങ്ങളും സമരങ്ങളും വരെ പ്രാദേശിക സര്‍ക്കാറിനെതിരായ സമരങ്ങളായാണ് പാകിസ്താന്‍ അവതരിപ്പിക്കാറ്. എന്നാല്‍, പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്.

ഇന്ത്യയിലെ ഭരണരീതിക്ക് മേഖലയില്‍ വന്‍ പ്രചാരമാണ് അടുത്തിടെയുണ്ടായത്. പാക് അധീന കശ്മീരിലെ വലിയൊരു വിഭാഗം ഇന്ത്യയ്ക്ക് അനുകൂലമായി നിടപാടെടുക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2015-ലെ ഭൂകമ്പത്തിലും 2014-ല്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിലും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇടപെടലാണ് ഇവരെ മാറ്റിചിന്തിപ്പിച്ചു തുടങ്ങിയത്.

അന്‍ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ ചെയര്‍മാന്‍ മൗലാന സയ്യദ് അത്തര്‍ ഹുസാന്‍ ദെഹ് ലാവി അടുത്തിടെ പാക് അധീന കശ്മീരില്‍ പോയിരുന്നു. അദ്ദേഹമാണ് ഇന്ത്യയ്ക്ക് അനുകൂലമായ ജനങ്ങളുടെ അഭിപ്രായം പുറത്തുവിട്ടത്. പാകിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിതരായി സമാധാനപരമായ ജീവിതമാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.