പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ വിസാ ചട്ടങ്ങളില്‍ ഇളവ്, നടപടി പാകിസ്ഥാനെ പ്രതിരോധത്തിലാക്കാന്‍
വ്യാഴം, 23 ഏപ്രില്‍ 2015 (16:46 IST)
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഹിന്ദുക്കള്‍ക്ക് ദീര്‍ഘകാല വിസയ്ക്കായി ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ലോംഗ് ടേം വിസ (LTV) ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ സിക്കു മതസ്ഥർക്കും ഉപകാരപ്പെടുന്നതാണ് പുതിയ പ്രഖ്യാപനം.
എൽടിവി വിസ നടപടിക്രമങ്ങൾ ഓൺലൈൻവഴി പരിശോധിക്കുകയും വിവിധ ഏജൻസികൾ മുഖേന വിസാ അപേക്ഷയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തുകൊണ്ടാണ് ഇന്ത്യ വിപ്ലവകരമായ മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ അപേക്ഷഫോറത്തില്‍ എഴുതി നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇത് കാലതാമസം വരുത്തുമെന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടന്നത്. ഓണ്‍ലൈന്‍ സംവിധാനം നടപ്പിലായാലും ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുമാസത്തേക്ക് കൂടി എഴുതി നല്‍കുന്ന അപേക്ഷ സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനം 2015 ഓഗസ്റ്റ് ഒന്നിന് നിലവിൽ വരുന്നതു മുതൽ മാനുവൽ രീതിയിലുള്ള എൽടിവി അപേക്ഷ സമർപ്പിക്കൽ മൂന്നു മാസം കൂടി തുടരും. അതിനു ശേഷം എൽടിവിക്കുള്ള അപേക്ഷ സമർപ്പിക്കുന്നത് ഓൺലൈൻ വഴി മാത്രമാവും.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങള്‍ക്ക് മതഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസരം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ എൽടിവി വിസാ ഓൺലൈൻ അപേക്ഷ സൗകര്യം സൃഷ്ടിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് ലോംഗ് ടേം വിസയിൽ ഇന്ത്യയിൽ എത്തുന്നവർ ഇവിടെ സ്ഥിരതാമസം ലക്ഷ്യമിട്ടുകൊണ്ട് എത്തുന്നവരാണ്. അതുകൊണ്ടു തന്നെ ഇത്തരം ന്യൂനപക്ഷക്കാരുടെ കേസുകൾ പ്രത്യേക പരിഗണന നൽകി ഇവരെ ഇന്ത്യയിൽ തന്നെ താമസിപ്പിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടു വരികയാണെന്നാണ് പറയപ്പെടുന്നത്.