സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ദീപിക പദുക്കോണ്‍ നായികയായ ചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു. ഡിസംബർ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചു. പദ്മാവതിയുടെ സെന്‍സര്‍ അപേക്ഷ കഴിഞ്ഞ ദിവസം ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് തിരിച്ചയച്ചിരുന്നു.
അപാകതകളെല്ലാം പരിഹരിച്ച ശേഷം മാത്രമേ ചിത്രം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്ന കാര്യം ‘പദ്മാവതി’യുടെ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നെന്നും അത് തിരിച്ചയച്ചതില്‍ ഒരു അസ്വാഭാവികതയുമില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞു.
ജനവികാരം കണക്കിലെടുത്ത് പത്മാവതി സിനിമയുടെ റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് യുപി സർക്കാരും രാജസ്ഥാൻ സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. മാത്രമല്ല, കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തുകയും റിലീസിന്റെയന്ന് ഭാരത് ബന്ദ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അലാവുദീന്‍ ഖില്‍ജി 1303ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്. റാണാ റാവല്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമായിരുന്നു ആരോപണം.