ഏറെ വിവാദങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രമായ 'പത്മാവത്' 25ന് റിലീസിനൊരുങ്ങുകയാണ്. എന്നാൽ, സിനിമയ്ക്കെതിരായ പ്രതിഷേധം ഇപ്പോഴും ശക്തമായിരിക്കുകയാണ്. ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് രജ്പുത് സംഘടനകൾ പറയുന്നത്.
'പദ്മാവത്' പ്രദർശിപ്പിച്ചാൽ തീയിൽ ചാടി അത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇന്നലെ നൂറു കണക്കിന് സ്ത്രീകളാണ് രംഗത്തെത്തിയത്. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ രജ്പുത് സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഇവർ തീയേറ്ററുകൾ അടിച്ചുതകർത്തു. വടക്കൻഗുജറാത്തില്‍ പ്രതിഷേധിച്ച രജ്പുത് സംഘടനകൾ ബസുകൾക്ക് തീയിട്ടു. തീയേറ്ററിനുമുന്നിൽ സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചതായും, കർണിസേന പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ഹൈദരാബാദിലെ തിയേറ്റർ ഉടമകൾ പോലീസിൽ പരാതി നൽകി.
ചിത്രത്തിന് രാജസ്ഥാന്‍, മദ്ധ്യപ്രദേശ് ഉള്‍പ്പടെ നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചിത്രത്തിന്റെ പേരും വിവാദ രംഗങ്ങളും മാറ്റുന്നതടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും സര്‍ക്കാരുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നീതീകരിക്കാനാകില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സിനിമ പ്രദർശിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് രാജസ്ഥാനിലെ കർണിസേന നേതാക്കൾ ഭീഷണി മുഴക്കിയിരിക്കുകയാണ്. അതേസമയം സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ ഉത്തരവിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം റിലീസ് ദിവസം ഭാരത് ബന്ദിന് ആഹ്വാനം ചെയ്യാനാണ് കർണിസേനയുടെ നീക്കം. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അഗ്നിക്ക് ഇരയാക്കുമെന്നും ഭീഷണി ഉയർന്നിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും നായിക ദീപിക പദുകോണിനും വധഭീഷണിയുമുണ്ട്.
ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.