സ്വവര്‍ഗ്ഗാനുരാഗിയായ മകന് ജീവിതപങ്കാളിയെ തേടി അമ്മ മാട്രിമോണിയല്‍ പരസ്യം നല്‍കി

Webdunia
വ്യാഴം, 21 മെയ് 2015 (15:38 IST)
വിവാഹപ്രായമായ മക്കള്‍ക്ക് ഉത്തമ ജീവിതപങ്കാളിയെ തേടി മാതാപിതാക്കള്‍ മാട്രിമോണിയലില്‍ പരസ്യം നല്‍കുക സാധാരണമാണ്. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗിയായ മകന്‍ വരനെ അന്വേഷിച്ച് വിവാഹപരസ്യം നല്‍കിയിരിക്കുകയാണ് ഒരമ്മ. മുംബൈ സ്വദേശിയായ പദ്മ അയ്യര്‍ എന്ന 58കാരിയാണ് മകന്റെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കി വരനെ അന്വേഷിക്കുന്നത്.

എല്‍.ജി.ബി.ടി (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ ആന്റ് ട്രാന്‍സ്ജന്‍ഡര്‍) പ്രവര്‍ത്തകനും സന്നദ്ധ സംഘടനയുടെ ഡയറക്ടറുമായ ഹരീഷ് അയ്യര്‍ക്കുവേണ്ടിയാണ് അമ്മ പദ്മ വിവാഹ പരസ്യം നല്‍കിയിരിക്കുന്നത്.  പരസ്യത്തില്‍ 25-40 മധ്യേ പ്രായമുള്ള മൃഗസ്‌നേഹിയും സസ്യാഹാരിയുമായ വരനെ ആവശ്യമുണ്ടെന്നാണ് പരസ്യം. ജാതി പ്രശ്‌നമല്ലെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. പരസ്യം സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അനുയോജ്യമായ അലോചന വന്നാല്‍ സാമുദായിക ആചാര പ്രകാരം വിവാഹം നടത്താനാണ് ഹരീഷ് തീരുമാനിച്ചിരിക്കുന്നത്. മകന് സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അറിഞ്ഞപ്പോള്‍ ഏതൊരു അമ്മയേയും പോലെ താനും ആദ്യം വിഷമിച്ചിരുന്നെന്നും എന്നാല്‍ മകന്റെ ലൈംഗികതാല്‍പര്യം മനസ്സിലാക്കി പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ടാണ് താന്‍ വിവാഹപരസ്യം നല്‍കിയതെന്നുമാണ് പദ്മ വ്യക്തമാക്കിയിരിക്കുന്നത്.