കര്‍ണാടകയില്‍ മോദി തരംഗം അല്ല, ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കില്ല: പി സി വിഷ്ണുനാഥ്

ചൊവ്വ, 27 മാര്‍ച്ച് 2018 (11:16 IST)
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്ന് പി സി വിഷ്ണുനാഥ് പറയുന്നു. കര്‍ണാടകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന ആദ്യ സംസ്ഥാനമെന്ന് വിഷ്ണുനാഥ് പറയുന്നു. പുറകേ രാജസ്ഥാനും മധ്യപ്രദേശും ഉണ്ടെന്ന് ഇദ്ദേഹം മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
കര്‍ണാടക മോദി തരംഗ ഉണ്ടാക്കുന്ന സംസ്ഥാനമല്ലെന്നും അത് ബിജെപിക്ക് വരെ അറിയാമെന്നും വിഷ്ണുനാഥ് പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ഏറെ മുൻപേതന്നെ കർണാടകയിലെ ജയം ലക്ഷ്യമിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇത്തവണ പ്രവർത്തനം തുടങ്ങിയിരുന്നു.  
 
അതേസമയം, കോണ്‍ഗ്രസിന് അനുകൂലമാണ് സര്‍വേ ഫലം. ഭരണകക്ഷിയായ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സി-ഫോര്‍ സര്‍വേയിലാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് 126 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ സിദ്ധരാമയ്യയ്ക്കാണ് സര്‍വേയില്‍ കൂടുതല്‍ പേരും വോട്ടുചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 122 സീറ്റുകളാണ് ലഭിച്ചത്.
 
കോണ്‍ഗ്രസ് 46 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ബി ജെ പിക്ക് 31 ശതമാനം വോട്ടുവിഹിതം ലഭിക്കും. കഴിഞ്ഞ തവണ ബി ജെ പിക്ക് 40 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ അത് 70 ആയി മാറുമെന്നും സര്‍വേയില്‍ പറയുന്നു.
 
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചരണം കൊണ്ടുപിടിച്ചുനടത്തുന്ന കോണ്‍ഗ്രസിന് സര്‍വേ ഫലം ആശ്വാസമായിട്ടുണ്ട്. എന്നാല്‍ ഭരണം തിരിച്ചുപിടിക്കാന്‍ തിരക്കിട്ട ശ്രമങ്ങളില്‍ തന്നെയാണ് ബി ജെ പി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍