പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 140 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ; കേന്ദ്രസർക്കാരിന് നിർണ്ണായകം

റെയ്‌നാ തോമസ്
ബുധന്‍, 22 ജനുവരി 2020 (08:13 IST)
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട 140 ഹര്‍ജികൾ ഇന്ന് സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ പരിഗണിക്കും. ഭൂരിഭാഗം ഹര്‍ജികളും സിഎഎ റദ്ദാക്കണമെന്നും ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിന് ഭരണഘടനാപരമായ സാധുത നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായി തുടരുന്നതിന് ഇടയിലാണ് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്.
 
സിഎഎയ്‌ക്കെതിരായ ആദ്യ ഹര്‍ജി ഡിസംബര്‍ 18നാണ് സുപ്രീം കോടതിയിലെത്തിയത്. സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സര്‍ക്കാരിന്റെ മുഖ്യ അഭിഭാഷകനായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിനും ഇത് സംബന്ധിച്ച്‌ നോട്ടീസ് നല്‍കിയിരുന്നു. ഹൈക്കോടതികളിലെ സിഎഎ കേസുകളും സുപ്രീം കോടതിയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. 
 
2019 ഡിസംബര്‍ 12ന് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍, പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 2 ഭേദഗതി ചെയ്തു. നിയമവിരുദ്ധ കുടിയേറ്റക്കാരുടെ നിര്‍വചനമാണിത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളെ രേഖകളില്ലാത്ത നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ നിന്ന് നിന്ന് ഒഴിവാക്കി. അതേസമയം മുസ്ലീങ്ങളെ ഈ നിയമപരിരക്ഷയില്‍ നിന്ന് ഒഴിവാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article