വെറുതേ ക്യുവിൽ പോയി നിൽക്കണ്ട, ഇന്ന് മുതിർന്ന പൗരന്മാർക്ക് മാത്രമേ പണം കിട്ടുകയുള്ളു!

ശനി, 19 നവം‌ബര്‍ 2016 (07:50 IST)
കറൻസി പിൻവലിക്കൽ പതിനൊന്നാം ദിവസം കടക്കുമ്പോഴും ഗ്രാമങ്ങളിലെ ബാങ്കുകളിൽ ഇപ്പോഴും ക്യു ആണ്. പലർക്കും പല തവണ കയറിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. നഗരങ്ങളിൽ ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ എ ടി എമ്മുകളിൽ ഇപ്പോഴും പണം എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ബാങ്കുകളിലെ തിരക്ക് വർധിച്ചിരിക്കുകയാണ്. 
 
ഇതിനിടയിൽ തിരക്കും പ്രതിസന്ധിയും മറി‌കടക്കുന്നതിനായി ശനിയാഴ്ച ബാങ്കുകളില്‍നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കുമാത്രമേ പഴയനോട്ടുകള്‍ മാറ്റിനല്‍കി പുതിയത് വാങ്ങാനാവൂ. പൊതു, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണബാങ്കുകള്‍, ഗ്രാമീണബാങ്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്. നോട്ട് മാറ്റിവാങ്ങാനല്ലാതെ മറ്റാവശ്യങ്ങൾക്ക് വരുന്ന എല്ലാ പൗരന്മാർക്കും അവരുടെ ആവശ്യങ്ങൾ നടത്താം.
 
നോട്ടുമാറ്റിനല്‍കല്‍ ഒഴികെയുള്ള സേവനങ്ങള്‍ ബാങ്കുകളില്‍നിന്ന് അക്കൗണ്ട് ഉടമകള്‍ക്ക് ശനിയാഴ്ച ലഭ്യമാകും. ശനിയാഴ്ച പതിവുപോലെ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കും. പണം മാറ്റിവാങ്ങാനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും തിങ്കളാഴ്ചമുതല്‍ പ്രത്യേക വരി ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷിയാണ് ഇക്കാര്യം അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക