വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍; അര്‍ധസൈനികരും രംഗത്തെത്തിയേക്കും

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2015 (16:28 IST)
വണ് റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യവുമായി വിരമിച്ച സൈനികര്‍ നടത്തുന്ന അനശ്ചിതകാല സമരത്തിനിടെ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയേക്കാവുന്ന മറ്റൊരു സാധ്യത കൂടി ഉയര്‍ന്നു വരുന്നു. പദ്ധതി നടപ്പിലാക്കിയാല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളും ഇതേ ആവശ്യവുമായി രംഗത്ത് വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സമരക്കാര്‍ക്കും ഇടയില്‍ മധ്യസ്ഥം വഹിക്കുന്ന ആര്‍‌എസ്‌എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ പങ്കുവച്ചത്. വണ്‍‌റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ ആശങ്ക ഉണ്ടായിരിക്കുന്നത്. അര്‍ധ സൈനികരും കൂടി സമരത്തിനിറങ്ങിഒയാല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക പ്രതിസന്ധിയിലാകും. നിലവില്‍ പദ്ധതിക്ക് ധനവകുപ്പ് ഉടക്ക് വയ്ക്കുന്നത് അധിക ബാധ്യത ചൂണ്ടിക്കാട്ടിയാണ്.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി പറഞ്ഞു. പദ്ധതി നടപ്പിലാക്കുമെന്ന് അധികാരത്തിലേറുന്നതിന് മുന്‍പ് നരേന്ദ്ര മോദി പറഞ്ഞതാണ്. ഇനിയും വച്ച് താമസിപ്പിക്കാതെ ഉടന്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും എ.കെ. ആന്‍റണി ഡല്‍ഹിയില്‍ പറഞ്ഞു.