2,500 രൂപ മുടക്കൂ... ഒരു മണിക്കൂർ വിമാന യാത്ര ആസ്വദിക്കൂ !

ശനി, 22 ഒക്‌ടോബര്‍ 2016 (09:04 IST)
രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാർക്കു താങ്ങാനാവുന്ന ചെലവിൽ വിമാനയാത്ര യാഥാർഥ്യമാക്കാന്‍ പുതിയ പദ്ധതി വരുന്നു. ഒരു മണിക്കൂർ വിമാന യാത്ര നടത്താന്‍ 2,500 രൂപയെന്നതാണ് പുതിയ പദ്ധതി. ഇതിനനുസരിച്ചുള്ള ആദ്യ വിമാനം 2017 ജനുവരിയിൽ പറക്കല്‍ ആരംഭിക്കും. 
 
ഉഡാൻ എന്ന പേരിലുള്ള ഈ പദ്ധതിയില്‍ പങ്കാളികളാകാൻ താൽപര്യമുള്ള വിമാനക്കമ്പനികളിൽ നിന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉഡാനിന്റെ ഭാഗമായി ചെറു നഗരങ്ങൾക്കിടയിൽ ഒൻപതു മുതൽ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു പറക്കുക. പകുതി സീറ്റുകൾക്കു പരമാവധി 2,500 രൂപ വരെയേ ഈടാക്കാന്‍ പാടുള്ളൂ. അവശേഷിക്കുന്ന സീറ്റുകള്‍ക്ക് വിപണി നിരക്കു വാങ്ങുകയും ചെയ്യാം.
 
അതേസമയം, ഈ പദ്ധതി നടത്തിപ്പിനായി പണം കണ്ടെത്താൻ ലെവി ചുമത്തുന്നതോടെ വിമാന യാത്രയ്ക്കു ചെലവേറുമെന്ന ആശങ്കയുയും ഉയര്‍ന്നിട്ടുണ്ട്. ഉൽപന്ന സേവന നികുതിയിലെ നികുതി നിർദേശങ്ങൾ വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുമെന്നു രാജ്യാന്തര വ്യോമയാന സംഘടനയായ അയാറ്റയും ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം. 

വെബ്ദുനിയ വായിക്കുക