ഏക സിവില്‍കോഡിനെ എതിര്‍ത്തും മുത്തലാഖിനെതിരായ പോരാട്ടത്തെ അനുകൂലിച്ചും സിപിഎം രംഗത്ത്. ഏകപക്ഷീയവും കാലതാമസവുമില്ലാതെ നടത്തുന്ന മുത്തലാഖ് റദ്ദാക്കണം. സ്ത്രീസമത്വമല്ല സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ പ്രതിഷേധത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഏകപക്ഷീയമായ മുത്തലാഖ് ഇസ്ലാമിക രാജ്യങ്ങളില്‍ പോലും അനുവദനീയമല്ല. മുത്തലാഖ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് ഇരയായ സ്ത്രീകള്‍ക്ക് ആശ്വാസം നൽകും. മുത്തലാഖിനെതിരായ മുസ്ലിം സ്ത്രീകളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി.
ഭൂരിപക്ഷ സമുദായങ്ങളുടേത് ഉൾപ്പെടെ മുഴുവൻ വ്യക്തിനിയമങ്ങളിലും പരിഷ്കരണം ആവശ്യമാണ്. ഈ സമൂഹത്തിലെ സ്ത്രീകളും വ്യക്തിനിയമത്തിന്റെ ദുരുതമനുഭവിക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തിലെ ഹിന്ദു വ്യക്തിനിയമം പരിഷ്‌ക്കരിച്ചതാണെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നും പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.
ദത്തെടുക്കല്‍, സ്വത്തവകാശം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെല്ലാം ഹിന്ദു സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നുണ്ട്. ഇതവസാനിപ്പിക്കാന്‍ സമഗ്രപരിഷ്കാരം വേണമെന്നും പിബി ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി.