ഓടുന്ന കാറിൽ നിന്ന് യുവതി വീണ സംഭവത്തിൽ ട്വിസ്റ്റ്; തള്ളിയിട്ടത് ഭർത്താവും വീട്ടുകാരും - വിനയായത് സിസിടിവി ദൃശ്യങ്ങള്‍

ചൊവ്വ, 11 ജൂണ്‍ 2019 (13:05 IST)
മാതാപിതാക്കളുടെ സഹായത്തോടെ ഭാര്യയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആണ് സംഭവം. ആരതി അരുൺ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ഈ ക്രൂരതയ്ക്ക് ഇരയായത്. സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.
 
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അരുണിനും മാതാപിതാക്കള്‍ക്കും എതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. ഇതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. അന്വേഷിച്ചു ചെന്നപ്പോള്‍ വീട്ടില്‍ ഇവര്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
 
2008 ലാണ് ആരതി എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. വിവാഹം കഴിഞ്ഞതുമുതല്‍ ഇരുവര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങളുണ്ട്. അരുണ്‍ തന്നെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് യുവതി പറയുന്നു.
 
അരുണിന്റെ ഉപദ്രവം അസഹനീയമായതോടെ 2014ല്‍ ആരതി മുംബൈയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ ആരതി വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അനുരഞ്ജനവുമായി അരുണ്‍ എത്തിയതോടെ ആരതി വിവാഹമോചനത്തില്‍ നിന്ന് തത്കാലം പിന്‍വാങ്ങി.
 
കഴിഞ്ഞ മെയ് മാസത്തില്‍ ആരതിയും അരുണും കുട്ടികളോടൊപ്പം ഊട്ടിയില്‍ പോയി. ഇവിടെ വെച്ച് അരുണ്‍ വീണ്ടും ആരതിയെയും കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ ആരതി ഊട്ടി സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. പോലീസുകാരുടെ ഒത്ത്തീര്‍പ്പ് ശ്രമങ്ങള്‍ക്കൊടുവില്‍ അരുണ്‍ മാപ്പപേക്ഷ എഴുതി നല്‍കി.
 
എന്നാല്‍ തിരികെ കോയമ്പത്തൂരില്‍ എത്തിയതോടെ വീണ്ടും ഉപദ്രവം തുടര്‍ന്നു. ഇതിനിടയിലാണ് കാറില്‍ നിന്ന് ബലമായി ആരതിയെ തള്ളിയിട്ടത്. കാറില്‍ നിന്നും വീണതിനെ തുടര്‍ന്ന് ആരതിയുടെ തലയിലും കൈകാലുകളിലും പരിക്കേറ്റിരുന്നു. അരുണ്‍ തള്ളിയിടുമ്പോള്‍ ഇയാളുടെ മാതാപിതാക്കളും കാറിലുണ്ടായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍