ഒമ്പത് ഗവര്‍ണര്‍മാര്‍ ഉടന്‍, ഒ രാജഗോപാലിന്റെ പേരും പട്ടികയില്‍

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (19:27 IST)
ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഒഴിവുള്ള ഗവര്‍ണര്‍ സ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നികത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവായ ഒ രാജഗോപാല്‍ ഇത്തവണ ഗവര്‍ണറാകുമെന്ന് സൂചനയുണ്ട്. ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെയും പേരുണ്ടെന്നാണ് സൂചന. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിശേഷം ഗവര്‍ണര്‍ നിയമനം സംബന്ധിച്ച ചര്‍ച്ചകളില്‍ ഒ രാജഗോപാലിന്റെ പേര് സജീവമായി ഉയര്‍ന്നിരുന്നെങ്കിലും പലകാരണങ്ങള്‍ മൂലം അന്തിമതീരുമാനമുണ്ടായില്ല.

ചില ബിജെപി സംസ്ഥാന നേതാക്കളുടെ നിലപാടുകളും ഇതിന് കാരണമായി. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്നാണ് വിവരങ്ങള്‍. അസം, ഹിമാചല്‍പ്രദേശ്, മേഘാലയ, മിസോറം, മണിപ്പൂര്‍, ബിഹാര്‍, ത്രിപുര, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരുടെ ഒഴിവുകളാണ് നികത്താനുള്ളത്. ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ചുമതല മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അധികാമായി വഹിക്കുകയാണ്. അതിനാലാണ് ഉടനെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഒഴിവുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും എന്‍ ഡി എ ഇതര പാര്‍ട്ടികളാണ് ഭരിക്കുന്നത്. അതിനാല്‍ കരുതലൊടെയാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഒഴിവും നികത്താനുണ്ട്.  ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹെപ്ത്തുള്ളയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഗവര്‍ണറാക്കാനും ആലോചനയുണ്ട്. ഇങ്ങനെയെങ്കില്‍ ബിജെപിയുടെ മുക്താര്‍ അബ്ബാസ് നഖ്വിക്ക് ക്യാബിനറ്റ് പദവി നല്‍കിയേക്കും.

കേരളാ ഗവര്‍ണര്‍ പി സദാശിവം മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം സ്വീകരിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഉണ്ടാകുന്ന ഒഴിവും നികത്തേണ്ടതുണ്ട്. ബംഗളൂരുവില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയോഗത്തിനുശേഷം ഗവര്‍ണര്‍ നിയമനവും കേന്ദ്രമന്ത്രിസഭാ പുനസംഘടനയും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.