പാർട്ടി ആസ്ഥാനത്തിന് ഒരു പരിശുദ്ധിയുണ്ട്, അത് കാത്തു സൂക്ഷിക്കാന്‍ ശശികലയുടെ എല്ലാ ചിത്രങ്ങൾ നീക്കം ചെയ്യണം: പുതിയ ആവശ്യവുമായി ഒപിഎസ് വിഭാഗം

ചൊവ്വ, 25 ഏപ്രില്‍ 2017 (19:11 IST)
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമാകുന്നില്ല. അണ്ണാ ഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മില്‍ ലയന ചർച്ചകൾ പുരോഗമിക്കുമ്പോൾ പുതിയ ആവശ്യവുമായി ഒപിഎസ് വിഭാഗം രംഗത്ത്. പാർട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാനായി ശശികലയുടെ ചിത്രങ്ങളെല്ലാം പാർട്ടി ആസ്ഥാനത്തുനിന്നു എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് ഒപിഎസ് വിഭാഗം ആവശ്യപ്പെടുന്നത്. ഒപിഎസ് വിഭാഗം നേതാവ് ഇ. മധുസൂദനനാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഒപിഎസ് ക്യാംപ് നേരത്തെ ഉന്നയിച്ചിരുന്നു. മുൻ മന്ത്രിയായ കെ പി മുനിസ്വാമിയാണ്‌ ലയന ചർച്ചയിൽ പനീർസെൽവം പക്ഷത്തിനു നേതൃത്വം നൽകുന്നത്‌. മുതിർന്ന നേതാക്കളായ മാഫോയി പാണ്ഡ്യരാജൻ, വി മൈത്രേയൻ എന്നിവരും പനീർസെൽവം പക്ഷത്താണുള്ളത്.  
 
വി കെ ശശികല, ടി ടി വി ദിനകരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ മന്നാർഗുഡി സംഘത്തെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയതായി ഇരുവിഭാഗങ്ങളും വ്യക്തമാക്കിയിരുന്നു. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കോടിക്കണക്കിന് കോഴ നൽകാൻ ടി ടി വി ദിനകരൻ ശ്രമിച്ചുവെന്ന കേസിൽ കുടുങ്ങിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള ലയന ചർച്ചയ്ക്ക് ചൂടുപിടിച്ചത്. 

വെബ്ദുനിയ വായിക്കുക