ആറ്റം ബോംബ് പോയിട്ട് പൊട്ടാസുപോലും ഇനി ഇന്ത്യയില്‍ പൊട്ടില്ല, കാരണം കാളിയുണ്ട്...!

വിഷ്ണു എന്‍ എല്‍
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (16:21 IST)
ആറ്റം ബോംബിട്ട് കാച്ചിക്കളയും എന്ന് പറഞ്ഞ് കാലം കുറേയായി പാകിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയുടെ കരുത്ത് ഇന്നേവരെ ചൈനയ്ക്കും അമേരിക്കയ്ക്കും വേണ്ടവിധത്തില്‍ എത്തു പിടിയും പോയിട്ട് തുമ്പു പോലും ലഭിച്ചിട്ടില്ല. എന്നാല്‍ ലോകത്ത് ഏത് രാജ്യവും എത്ര കരുത്തുകൂടിയ ആണവാക്രമണം നടത്തിയാലും ഇന്ത്യയുടെ മണ്ണില്‍ നിലം തൊടീക്കാതെ തകര്‍ക്കാന്‍ പോന്ന കരുത്ത് രാജ്യം നേടാന്‍ പോകുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്ത് വിചാരിക്കും.

എന്ത് വിചാരിച്ചാലും വേണ്ടില്ല. രാജ്യത്തിന്റെ അഭിമാന പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡി‌ആര്‍ഡിഒ ഇപ്പോള്‍ ഇത്തരമൊരു പ്രതിരോധ കവചത്തിന്റെ മുനുക്കുപണിയിലാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മികച്ച ആയുധമെന്ന് വിശേഷിപ്പിക്കാവുന്ന ഈ രഹസ്യ പ്രോജക്ടിന് പേര് ഹിന്ദു ദൈവമായ കാളിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാളി(KALI) എന്നാല്‍ സത്യത്തില്‍ ഒരു ചുരുക്കെഴുത്താണ്. കിലോ ആമ്പര്‍ ലിനിയര്‍ ഇന്‍‌ജെക്ടര്‍ ( Kilo Ampere Linear Injector) എന്നാണ് ഈ ആയുധത്തിന്റെ പേര്. സത്യത്തില്‍ ഇതൊരു ഊര്‍ജ വിസര്‍ജന ആയുധമാണ്. അതായത്. ഏതെങ്കിലുമൊരു ശത്രുരാജ്യം ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യക്കി മിസൈലുകള്‍ അയയ്ക്കുന്നു എന്ന് കരുതുക. അപ്പോള്‍ കാളി പ്രവര്‍ത്തിച്ചു തുടങ്ങും.

കാളി പുറത്തുവിടുന്നത് അതി ശക്തമായ വൈദ്യുത കാന്തിക തരംഗങ്ങളാകും. കാളിയില്‍ നിന്ന് പുറപ്പെടുന്ന ഈ തരംഗങ്ങള്‍ ഒരു ലേസര്‍ പോലെ പ്രവര്‍ത്തിക്കും. റിലേറ്റിവിസ്റ്റിക് ഇലക്ട്രോണ്‍ ബീംസ് Relativistic Electrons Beams (REB) എന്നാണ് ഇത്തരം രംഗങ്ങളെ പൊതുവേ പറയുന്നത്. ഈ തരംഗങ്ങള്‍ മിസൈലുകളുടെ പുറം കവചം തുളയ്ക്കാതെ തന്നെ അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കും. മിസൈലുകള്‍ മാത്രമല്ല അനുവാദമില്ലാതെ ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു ആയുധത്തേയും വിശിഷ്യാ യുദ്ധവിമാനങ്ങളേപ്പോലും ഇതേപോലെ തകരാറിലാക്കും.

സാധാരണയായി ലേസര്‍ കിരണങ്ങള്‍ ഇപ്പോള്‍ പല ശാക്തിക രാജ്യങ്ങള്‍ക്കും ഉണ്ട്. ഇവ ഉപയോഗിച്ച് ആയുധങ്ങളെ തകര്‍ക്കുകയും ചെയ്യും. എന്നാല്‍ ലേസര്‍ ബീമുകള്‍ക്ക് പുറം കവചങ്ങള്‍ തുളച്ചുകൊണ്ടു മാത്രമെ ആയുധങ്ങളെ നശിപ്പിക്കാനാകു. ഇതിന് ഏറെ സമയമെടുക്കുകയും ചെയ്യും. എന്നാല്‍ കാളി പുറപ്പെടുവിക്കുന്നത് അതിശക്തമായ തരംഗങ്ങളാണ്. ഇത്തരം കാന്തിക തരംഗങ്ങള്‍ക്ക് ഒന്നിനേയും തുളയ്ക്കാതെ തന്നെ ആയുധങ്ങളുട്രെ അകത്ത് കടന്ന് അവയെ തകരാറിലാക്കാനാകും. ഇതിനായി 1000 മില്യണ്‍ വാട്ട് ഊര്‍ജം വരുന്ന മൈക്രോവേവ് തരംഗങ്ങളാണ്  കാളി പുറപ്പെടുവിക്കുക.

ഈ ആയുധം 2004ല്‍ തന്നെ തയ്യാറായെങ്കിലും ചില്ലറ മിനുക്കു പണികള്‍ കൂടി ബാക്കിയുള്ളതിനാല്‍ ആരെയും അറിയിക്കാതെര്‍ ഇന്ത്യ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. 2012ല്‍ ഇതിന്റെ ആദ്യ പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തി എന്നാണ് വിവരം. ഇതേ കാലത്ത് സിയാച്ചിനില്‍ മഞ്ഞ് ഉരുകി വീണ്ട് നിരവധി പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും അപകടത്തില്‍ പെടുകയും ചെയ്തിരുന്നു. അന്ന് തന്നെ ഇന്ത്യ ഇത്തരത്തില്‍ ഒരു ആയുധം പ്രയോഗിച്ചതായുള്ള സംശയം പാകിസ്ഥാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകളില്ലാതിരുന്നതിനാല്‍ സംഭവം പുറം‌ലോകം അറിഞ്ഞില്ല.

പഴയ ഗ്രീക്ക് ശാസ്ത്രജ്ഞനായ ആര്‍കിമിഡീസ് പണ്ട് റോമന്‍ പടക്കപ്പലുകളെ സൂര്യ രശ്മി ഉപയോഗിച്ചുകൊണ്ട് കടലില്‍ വച്ചുതന്നെ കത്തിച്ചുകളഞ്ഞതായി കഥകളില്ലെ. അതുപോലെ തന്നെയാണ് ഇന്ത്യയുടെ കാളിയും പ്രവര്‍ത്തിക്കുക. ആയുധം പ്രവര്‍ത്തന രഹിതമാകുന്നതൊടെ ഇന്ത്യന്‍ മണ്ണില്‍ അവയ്ക്ക് ആക്രമണം നടത്താന്‍ സാധിക്കാതെ വരും. 1985ലാണ് ഇന്ത്യ ഈ ആയുധത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചു തുടങ്ങിയത്. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ ക്ഷമയും സഹനവുമാണ് കാളിയുടെ പിറവിക്കു പിന്നില്‍.

അമേരിക്കയും ഇത്തരത്തിലൊരു ആയുധത്തിന്റെ പണിപ്പുരയിലായിരുന്നു. എന്നാല്‍ അവര്‍ക്ക് ഇത് ഉദ്ദേശിച്ച തരത്തില്‍ വിജയിപ്പിക്കാന്‍ സാധിച്ചില്ല എന്നാണ് വിവരങ്ങള്‍. കാളി ഇന്ത്യയിലിള്ളിടത്തോളം കാലം ഒരു രാജ്യത്തിനും ഇന്ത്യന്‍ മണ്ണിലേക്ക് മിസൈല്‍, ആണവാക്രമണങ്ങള്‍ നടത്താന്‍ സാധിക്കില്ല. കാളിയെ കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റാനുള്ളാ കഠിന പരിശ്രമത്തിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കര, നാവിക, വ്യോമ സേനകള്‍ക്ക് അനുയോജ്യമായ പതിപ്പിനായുള്ള പരിശ്രമത്തിലാണ് ഇവര്‍. ബഹിരാകാശ മേഖലയിലും പ്രതിരോധ മേഘലയിലും ഇന്ത്യ സ്വയം പര്യാപ്ത നേടിക്കൊണ്ട് വളരുകയാണ്. അതോടൊപ്പം ഇന്ത്യയുടെ താല്‍പ്പര്യങ്ങളും.