ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കര്‍ഷകരെ ഒപ്പം നിര്‍ത്തി രാജ്യവ്യാപകമായി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കൂടുതല്‍ കര്‍ഷകരെ ഏകോപിപ്പിച്ച് സമരം ശക്തമാക്കാനാണ് നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്. ഞായറാഴ്‌ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിക്ക് വന്‍ പിന്തുണയാണ് കര്‍ഷകരില്‍ നിന്ന് ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചതോടെ അണികളും ആവേശത്തിലാണ്. അതേസമയം നൂറ് കണക്കിന് കര്‍ഷകരാണ് കര്‍ഷക സമരത്തിന് പിന്തുണയറിയിച്ചെത്തുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കര്‍ഷകരുടെ ആശങ്കകള്‍ കേള്‍ക്കുകയും ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ ഭേദഗതികള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഒപ്പമുണ്ടാവുമെന്നും ആവര്‍ത്തിച്ചു.