റാഫേൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വിമാനം വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ഇടപെടില്ല. കരാറിൽ തീരുമാനമെടുത്തതിൽ കേന്ദ്രത്തിന് എന്തെങ്കിലും വീഴ്‌ചയുണ്ടായതായി കണ്ടെത്താനായിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ദിവസങ്ങള്‍ നീണ്ട ചൂടേറിയ വാദങ്ങള്‍ക്കൊടുവിലാണ് കോടതി ഉത്തരവിട്ടത്.
വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടി ക്രമങ്ങളിൽ വീഴ്‌ച സംഭവിക്കാത്തതിനാല്‍ വിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഫ്രഞ്ച് കമ്പനിയായ ഡാസോയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. 36 റഫാൽ വിമാനങ്ങൾക്ക് ഏകദേശം 60,000 കോടി രൂപയാണു ചെലവിടുന്നത്.