സഖ്യകക്ഷികളുമായി ചേർന്ന് ഭരണം പിടിക്കുന്ന ബിജെപി തന്ത്രം പൊളിച്ച് നിതീഷ് കുമാർ, ബിജെപിയെ ഞെട്ടിച്ച രാഷ്ട്രീയ നീക്കം നടന്നത് ഇങ്ങനെ

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (12:51 IST)
സംസ്ഥാനങ്ങളിൽ സഖ്യകക്ഷിയായി ഭരണത്തിൽ പങ്കാളിയാവുകയും ഭരണകക്ഷിയിൽ നിന്നും പ്രബലമായ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് സംസ്ഥാനഭരണത്തിൽ നിർണായക സാന്നിധ്യമാവുകയും ചെയ്യുന്ന രീതിയാണ് ദേശീയ രാഷ്ട്രീയത്തിൽ കുറച്ച് കാലമായി ബിജെപി ചെയ്യുന്നത്. മഹാരാഷ്ട്രയിലും ഗോവയിലുമെല്ലാം പയറ്റി തെളിഞ്ഞതാണ് ഈ പദ്ധതി. മഹാരാഷ്ട്രയിൽ ശിവസേനയിലെ പ്രബലനായ നേതാവാന ഏക്നാഥ് ഷിൻഡെയെ ഉപയോഗിച്ച് ശിവസേനയെ പിളർത്തുകയാണ് ബിജെപി ചെയ്തത്.
 
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ പ്രബലനേതാവായ സുവേന്ദു അധികാരിയെ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചതും ഇതേ ലക്ഷ്യം മുന്നിൽ കണ്ടാണ്. സമാനമായി ജെഡിയു പിളർത്താനുള്ള ബിജെപിയുടെ നീക്കം മുൻകൂട്ടി കണ്ടുകൊണ്ടാണ് നിതീഷ് കുമാറിൻ്റെ മറുതന്ത്രം. ബിഹാറിൽ ജെഡിയു എംഎൽഎമാരെ അടർത്തിയെടുക്കാൻ സിങ്ങിനെ വച്ചു ബിജെപി നീക്കം തുടങ്ങിയതായി അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നിതീഷിൻ്റെ നീക്കം.
 
മധ്യപ്രദേശിലെയും കർണാടകയിലെയും മഹാരാഷ്ട്രയിലെയും കോൺഗ്രസ് ഭാഗമായ സർക്കാറുകളെ ബിജെപി അട്ടിമറിച്ചിരുന്നതിനാൽ നിതീഷിൻ്റെ നീക്കത്തിന് പിന്നിൽ ചരടുവലിക്കുന്നതിൽ ഇത്തവണ കോൺഗ്രസിൻ്റെ ശക്തമായ സാന്നിധ്യവും ഉണ്ടായിരുന്നു. ആർജെഡി നേതാവായ തേജസ്വി യാദവുമായി നിതീഷ് ധാരണയുണ്ടാക്കാൻ നിർബന്ധിച്ചത് കോൺഗ്രസായിരുന്നു. പ്രതിരോധമല്ല ആക്രമണമാണ് ഇപ്പോൾ വേണ്ടത് എന്ന തിരിച്ചറിവിലാണ് നിതീഷിൻ്റെ നീക്കം.
 
രാജ്യത്തെ വലിയ സംസ്ഥാനങ്ങളായ യുപി,മഹാരാഷ്ട്ര,പശ്ചിമബംഗാൾ,ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമായി രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതുവഴി പല നിയമങ്ങളും എതിർപ്പുകളില്ലാതെ പാസാക്കാൻ ബിജെപി ലക്ഷ്യമിടുന്നു. അതിനാൽ തന്നെ ബിഹാറിലെ ബിജെപിയുടെ വീഴ്ചയിൽ ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്താൻ സാധ്യതയേറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article