തോല്‍‌വി മണത്തു...നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് നിതീഷ് കുമാര്‍

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2015 (12:44 IST)
ആസന്നമായ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്നാല്‍ പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും നിതീഷ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്, രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സഖ്യം നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അടുത്ത കാലത്ത് പ്രഖ്യാപിച്ചിരുന്നു.

ഇതാദ്യമായാണ് മത്സരത്തിനില്ലെന്ന് നിതീഷ് പരസ്യമായി പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച നിയമസഭയ്ക്ക് പുറത്തുവച്ചാണ് നിതീഷ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുത്തിരുന്നു.

ജനതാ പരിവര്‍ സഖ്യം നാമമാത്രമായ സീറ്റുകളാണ് നേടിയത്. അതിനാലാകും  പുതിയ പ്രഖ്യാപനമെന്ന് വിലയിരുത്തലുകളുണ്ട്. അതേസമയ  പരിവാറില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായവ്യത്യസങ്ങളാണ് ഇതിനു കാരണമെന്നു പറയപ്പെടുന്നു.