നീര റാഡിയക്കെതിരെ തെളിവില്ല, കേസവസാനിപ്പിക്കുമെന്ന് സിബിഐ

Webdunia
വെള്ളി, 22 മെയ് 2015 (13:35 IST)
കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയ്‌ക്കെതിരായ കേസുകളില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുന്നു. കേസ് മുന്നോട്ട് കൊണ്ടുപൊകാന്‍ മതിയായ തെളിവില്ല എന്നാണ് സിബി‌ഐ പറയുന്നത്. മാധ്യമ പ്രവര്‍ത്തകയായ നീര റാഡിയ സര്‍ക്കാര്‍ തലങ്ങളിലുള്ള ബന്ധം ഉപയോഗിച്ച് കോര്‍പറേറ്റ് കമ്പനികള്‍ക്ക് അനുകൂലമായ ഇടപാടുകള്‍ നടത്തിയെന്നായിരുന്നു ആരോപണം. കോര്‍പ്പറേറ്റുകള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇടപെടുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തു വന്നതാണ് കേസ് മാധ്യമ ശ്രദ്ധ നേടിയത്.

ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ടേപ്പുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. ഇതില്‍ സി.ബി.ഐ കണ്ടെത്തിയ 14 കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ടേപ്പില്‍ കുറ്റകൃത്യ സ്വഭാവമുള്ള ഒന്നുമില്ലെന്നാണ് ഇപ്പോള്‍ സി.ബി.ഐയുടെ നിലപാട്. ഇക്കാര്യം സി.ബി.ഐ കോടതിയില്‍ അറിയിക്കും.

ടേപ്പിലെ സംഭാഷണത്തില്‍ നിന്നും ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഏതെങ്കിലുമൊരു കമ്പനിക്ക് അനുകൂലമായി എന്തെങ്കിലും ചെയ്തതായി വ്യക്തമല്ല. തനിക്കുള്ള ബന്ധങ്ങളെ കുറിച്ച് റാഡിയ സ്വയം പ്രശംസ നടത്തുക മാത്രമാണ് ചെയ്തത്. ഇതില്‍ അപരാധിത്വമെന്നുമില്ല. ഇവര്‍ക്കെതിരെ നടത്തിയ 14 വിഷയങ്ങളിലുള്ള അന്വേഷണവും അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ ഉന്നതന്‍ വ്യക്തമാക്കി.

ടാറ്റ കമ്പനിയുമായി ബന്ധപ്പെട്ടാണ് നീരാ റാഡിയ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഝാര്‍ഖണ്ഡില്‍ ടാറ്റ സ്റ്റീലിന് ഇരുമ്പയിര് ഖനി അനുവദിക്കുന്നതില്‍ മുന്‍ മുഖ്യമന്ത്രി മധുകോഡയും ചില ഉദ്യോഗസ്ഥരും ക്രമവിരുദ്ധമായി ഇടപെട്ടു, തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴില്‍ ജന്റം സര്‍വീസ് നടത്തുന്നതിന് ടാറ്റ മോട്ടോഴ്‌സിന്റെ ലോ ഫ്‌ളോര്‍ ബസുകള്‍ വിതരണം ചെയ്തത്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുണിടെക്, തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട് ചില ഇടനില ജോലികള്‍ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് നീരാ റാഡിയയ്‌ക്കെതിരെ ഉയര്‍ന്നിരുന്നത്.