മല്യക്കെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ഇന്ത്യ

Webdunia
വ്യാഴം, 12 മെയ് 2016 (13:54 IST)
വിവിധ ബാങ്കുകളില്‍നിന്ന്  9400 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ തിരികെയെത്തിക്കാന്‍ അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടി. വിജയ് മല്യക്കെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ഇന്‍റർപോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്.
 
വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപുറകെയാണ് എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് ഇന്‍റർപോളിനോട് ആവശ്യം ഉന്നയിച്ചത്. ബ്രിട്ടനില്‍ തങ്ങുന്ന ഒരാള്‍ക്ക് സാധുവായ പാസ്പോര്‍ട്ട് ഉണ്ടാകണമെന്ന് വ്യവസ്ഥയില്ലെന്നായിരുന്നു മല്യയെ തിരിച്ചയക്കാത്തതിന് കാരണമായി ബ്രിട്ടൻ നൽകിയ വിശദീകരണം.
 
ബാങ്കുകളെ വെട്ടിച്ചുമുങ്ങിയ മല്യയെ നാട്ടില്‍ തിരിച്ചത്തെിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ മല്യയ്ക്ക് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം അത് അവഗണിച്ചു. മുംബൈ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാ‍തെ ഇന്ത്യയില്‍ മല്യയ്ക്കുള്ള സ്വത്തുക്കള്‍ ജപ്തി ചെയ്യുന്നതിനായുള്ള നടപടിയും ആരംഭിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article