ആം ആദ്മി എംഎല്‍എയുടെ അറസ്റ്റിൽ പ്രതിഷേധിച്ച 65 എം എൽ എമാർ പൊലീസ് കസ്റ്റഡിയിൽ

Webdunia
ഞായര്‍, 26 ജൂണ്‍ 2016 (15:23 IST)
എഎപി എംഎല്‍എ ദിനേഷ് മൊഹാനിയയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ എംഎല്‍എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി ഉപമുഖ്യമന്ത്രിയടക്കം 65 എം എൽ എമാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
 
ആം ആദ്മിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പൊലീസ് ഉത്തരവിട്ട നിരോധനാജ്ഞ മറികടന്നതിനാണ് എംഎല്‍എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ദിനേഷ് മൊഹാനിയയെ അറസ്റ്റ് ചെയ്തത് അന്വേഷണവുമായി ഒരുതരത്തിലും സഹകരിക്കാത്തതിനാലാണെന്നും അദ്ദേഹം അന്വേഷണം പൂര്‍ണ്ണമായും അവഗണിച്ചുവെന്നും സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
 
പരാതി പറയാനെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും 60 വയസുള്ള വൃദ്ധനെ മുഖത്തടിച്ചുവെന്നുമാണ് എംഎല്‍എക്കെതിരായ പരാതി. എന്നാല്‍ ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പൊലീസ് അന്വേഷണം നടത്തട്ടെയെന്നും എംഎല്‍എ പ്രതികരിച്ചു.
 
അതേസമയം എം എൽ എയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.പൊലീസ് മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എം എൽ എക്കെതിരെ പൊലീസ് ഉന്നയിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Next Article