അഞ്ജു ബോബി ജോര്‍ജിനെ ഖേലോ ഇന്ത്യ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് അംഗമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു ഏഴംഗ സമിതിയുടെ അദ്ധ്യക്ഷന്‍ കേന്ദ്ര കായിക സെക്രട്ടറിയാണ്. എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തതിലൂടെ തന്നെ വലിയ ഉത്തരവാദിത്വമാണ് കേന്ദ്രം എല്‍പ്പിച്ചിരിക്കുന്നതെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.
അഞ്ജു ബോബി ജോര്‍ജിനെ കൂടാതെ പുല്ലേല ഗോപിചന്ദും സമിതിയില്‍ അംഗമാണ്. കേരളത്തിലെ കായിക താരങ്ങള്‍ക്ക് മികവു തെളിയിക്കാന്‍ കഴിയുന്ന കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ വിവാദ പരാമർശങ്ങളുടെ ഒടുവിൽ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു രാജിവെച്ചിരുന്നു. അഞ്ജുവിനൊപ്പം സമിതിയിലുണ്ടായിരുന്നവരെല്ലാം രാജി നൽകിയിരുന്നു.
അപമാനം സഹിച്ച് ഇനി തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അഞ്ജുവിന്റെ രാജിയിൽ പ്രതിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു.