നരേന്ദ്ര മോദിയല്ല രാജ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മനുസ്മൃതിയല്ല ഭരണഘടനയെന്നും ആര് എസ് എസ് അല്ല പാര്‍ലമെന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബേദ്കര്‍ ജയന്തിയുമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്.
സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ് അംബേദ്കര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍. എന്നാല്‍ രാജ്യത്ത് ഇന്ന് സമത്വമില്ല. രാജ്യസ്നേഹത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ വിഭജിക്കുകയാണ്. അംബേദ്കറെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതെന്നും കെജ്രിവാള് ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായ രണ്ട് മന്ത്രിമാര്‍ക്കെതിരെയും നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ, രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും കെജ്രിവാള് കുറ്റപ്പെടുത്തി. ഭരണഘടനയെ മാനിക്കാത്ത ആരും അംബേദ്കറോട് ബഹുമാനമാണെന്ന തരത്തില്‍ അഭിനയിക്കരുതെന്നും കെജ്രിവാള് പറഞ്ഞു.