വെടിക്കെട്ട് ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും കേരളത്തിലെത്തി

Webdunia
ഞായര്‍, 10 ഏപ്രില്‍ 2016 (15:09 IST)
കൊല്ലം പരവൂരിൽ പുറ്റിങ്കൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും കേരളത്തിലെത്തി. പ്രത്യേകം ചാര്‍ട്ടു ചെയ്ത വിമാനത്തിലാണ് മോദിയും ഡോക്ടര്‍മാരും കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെത്തിയ മോദിയെ ഗവർണർ പി സദാശിവം, ചീഫ് സെക്രട്ടറി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടം നടന്ന കൊല്ലത്തേക്ക് അൽപസമയത്തിനകം തിരിക്കും. ഹെലികോപ്റ്ററിലാണ് കൊല്ലത്തേക്കുള്ള യാത്ര. അപകട വാര്‍ത്ത ഹൃദയഭേദകമാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനൊപ്പം പ്രാര്‍ഥനകളുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്കും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്.

പൊള്ളലേറ്റവരെ ചികിത്സിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരുടെ സംഘമാണ് പ്രധാനമന്ത്രിയോടൊപ്പം എത്തിയിട്ടുള്ളത്. എ ഐ ഐ എം എസ്, ആര് എം എല്‍, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള 15 ഡോക്ടര്‍മാരാണ് ഈ സംഘത്തിലുള്ളത്. കൂടാതെ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘവും കേരളത്തിലെത്തും. മൂന്നംഗ സംഘം നാളെയാണ് സംഭവസ്ഥലം സന്ദര്‍ശിക്കുന്നത്. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍  ആര്‍ വേണുഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ കന്തസ്വാമി, ജോയിന്‍ കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് ഡോ കെ എ യാദവ് എന്നിവരാണ് സംഘത്തിലുള്ളത്.

(ചിത്രത്തിനു കടപ്പാട് : മനോരമ ഓണ്‍ലൈന്‍)