ഇന്ത്യന്‍ നഗരങ്ങളില്‍ ഗര്‍ഭച്‌ഛിദ്രം വര്‍ദ്ധിക്കുന്നു; ഗര്‍ഭച്‌ഛിദ്രം അധികവും നടക്കുന്നത് 20 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളില്‍

Webdunia
ബുധന്‍, 13 ഏപ്രില്‍ 2016 (11:22 IST)
ഇന്ത്യയിലെ നഗരങ്ങളിലെ 20 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളില്‍ ഗര്‍ഭച്‌ഛിദ്രം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ കാലഘട്ടത്തില്‍ ലൈംഗികതയെക്കുറിച്ച് ചിന്താഗതികളില്‍ വന്ന മാറ്റവും വിവാഹപൂര്‍വ്വ ലൈംഗികബന്ധവുമാണ് ഗര്‍ഭച്‌ഛിദ്രം വര്‍ദ്ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ ആരോഗ്യസര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
സര്‍വ്വേപ്രകാരം ഗര്‍ഭിണികളില്‍ ഗ്രാമപ്രദേശങ്ങളില്‍ 77 ശതമാനവും നഗരപ്രദേശങ്ങളില്‍ 74 ശതമാനവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ രണ്ട് ശതമാനവും നഗരമേഖലകളില്‍ മൂന്നു ശതമാനവും ഗര്‍ഭച്‌ഛിദ്രത്തിന് വിധേയരാകാറുണ്ട്. അതേസമയം, നഗരമേഖലകളില്‍ ഗര്‍ഭച്‌ഛിദ്രം നടത്തുന്നവരില്‍ 14 ശതമാനവും 20 വയസ്സിനു താഴെയുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്.
 
പതിനഞ്ചു വയസ്സു മുതല്‍ 49 വയസ്സു വരെയുള്ള സ്ത്രീകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഗ്രാമീണ ഇന്ത്യയില്‍ 56 ശതമാനം പ്രസവവും പൊതു ആശുപത്രികളില്‍ നടന്നപ്പോള്‍ 24 ശതമാനം പേര്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചത്. നഗരങ്ങളില്‍ 42 ശതമാനം ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ തെരഞ്ഞെടുത്തപ്പോള്‍ 48 ശതമാനം ആളുകള്‍ സ്വകാര്യ ആശുപത്രികളെയാണ് തെരഞ്ഞെടുത്തതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.