കോണ്‍ഗ്രസിന് ലോക്‌സഭ പ്രതിപക്ഷ നേതൃസ്‌ഥാനം നല്‍കില്ലെന്ന് ലോക്‌സഭ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശ പ്രകാരമാണ് നടപടി. കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പത്ത് ശതമാനം സീറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതൃസ്‌ഥാനം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്‌ഥാനം നല്‍കുന്നത് സംബന്ധിച്ച് നേരത്തെയും പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും ലോക്‌സഭ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല. സ്‌പീക്കറുടെ ഔദ്യോഗിക തീരുമാനം പുറത്ത് വന്നതോടെ 16-ാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലെന്ന് ഉറപ്പായി.
നേരത്തെ പ്രതിപക്ഷ നേതൃസ്‌ഥാനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു.