നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളെ നെഹ്‌റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരിയാണ് സര്‍ക്കാര്‍ നിലപാട് ലോക്‌സഭയില്‍ അറിയിച്ചത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി.
നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഭൂരിഭാഗം രേഖകളും പൊതു സ്വത്താണെന്നും അവയെല്ലാം നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഹരിഭായ് ചൗധരി വ്യക്തമാക്കി. ഖോസ്ല കമ്മീഷന്‍, മുഖര്‍ജി കമ്മീക്ഷന്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആര്‍ക്കെവിലേക്ക് മാറ്റിയത്. എന്നാല്‍ ചില രഹസ്യരേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെയും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെയും കൈവശമുണ്ടെന്നും ഇത് പുറത്തു വിടാന്‍ തത്കാലം ഒരുക്കമല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്വാതന്ത്യത്തിനു ശേഷം 20 വര്‍ഷത്തോളം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുക്കളെ രഹസ്യമായി നിരീക്ഷിക്കാന്‍ മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു.