സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണ സമ്മേളനത്തിലേക്ക് പ്രധാന മന്ത്രി മോഡിയെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ മധുര പ്രതികാരം. ലോകമെമ്പാടു നിന്നും 54 ഓളം നേതാക്കള്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്. നെഹ്‌റുവിന്റെ 125-ആം ജന്മദിനാഘോഷമാണ് മോഡിയെ ഒഴിവാക്കി നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
നിരന്തരമായ നെഹ്‌റു കുടുംബത്തൊടും നെഹ്‌റുവിനോടും നടത്തുന്ന അവഗണനയാണ് മോഡിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നവംബര്‍ 17,18 തിയതികളിലാണ് രാജ്യാന്തര സമ്മേളനം നടത്തുക. ചടങ്ങിലേക്ക് മോഡിക്ക് ക്ഷണമില്ലെന്ന് അറിയിച്ചത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന പത്ര സമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ തന്നെയാണ്.
നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ഡല്‍ഹിയിലെ ടാക്കട്ടോരാ മൈതാനത്ത് കോണ്‍ഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃതത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കും അന്നു തന്നെയാണ് തുടക്കമാകുക. അതേസമയം കേന്ദ്ര സര്‍ക്കാരും ഇതേ ദിനത്തില്‍ ജന്മദിനാഘോഷത്തിനായി വിപുലമായ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിവിധ പരിപാടികള്‍ക്കായി സാംസ്കാരിക വകുപ്പ് 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ തന്നെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ആഘോഷ പരിപാടികള്‍ക്കായി ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. പിന്നീട് മോദി ഈ കമ്മിറ്റിയെ പുനസംഘടിപ്പിക്കുകയായിരുന്നു. മോദിയുടെ സമിതിയില്‍ ഗാന്ധി-നെഹ്റു കുടുംബങ്ങളില്‍ നിന്നും ആരേയും ഉള്‍പ്പെടുത്തിയിട്ടില്ല.