ദാദ്രി സംഭവത്തില്‍ പ്രതികരിക്കേണ്ടതു മോഡിയുടെ ജോലിയല്ല: ഗഡ്കരി

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (11:16 IST)
ദാദ്രി സംഭവത്തെക്കുറിച്ച് പ്രതികരിക്കേണ്ടതു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജോലിയല്ലെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരിക്കാറുണ്ടായിരുന്നോ. രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളേക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പശുവിറച്ചി തിന്നുവെന്നാരോപിച്ചു അഖ്ലഖിനെ ജനക്കൂട്ടം തല്ലിക്കൊന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മൌനം പാലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ഗഡ്കരിയുടെ പ്രതികരണം.

കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കാതയും പ്രതികരിക്കാതെയും ഇരുന്ന മോഡി രക്തം കട്ടപിടിക്കുന്ന രോഗവുമായി ആശുപത്രിയില്‍ ആയ നവജ്യോത് സിംഗ് സിദ്ദുവിന്റെ ആരോഗ്യത്തിന് ആശംസ അറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിനെ വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്ത് വരുകയും ചെയ്‌തിരുന്നു.

അതേസമയം, അഖ്‌ലാഖിന്റെ കുടുംബാംഗങ്ങൾ ജന്മഗ്രാമം ഉപേക്ഷിച്ച് ന്യൂഡൽഹിയിലേക്കു താമസം മാറ്റി. കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ ഭാര്യ, മൂത്ത മകനും വ്യോമസേനയിൽ എൻജിനീയറുമായ മുഹമ്മദ് സർതാജ്, മകൾ എന്നിവരാണ് ഡൽഹിയിലെ വാടകവീട്ടിലേക്കു പോയത്.

വീട്ടിലേക്ക് പാഞ്ഞുകയറി നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് നോയിഡയിലെ ആശുപത്രിയിൽ കഴിയുന്ന ഇളയ മകൻ ഡാനിഷിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റി. അതേസമയം, കനത്ത പൊലീസ് കാവലിലാണ് ദാദ്രി. സ്ഥലത്ത് ഇപ്പോഴും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.