ബിജെപി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമർശനങ്ങൾ ശക്തമായിരിക്കെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ ജിഡിപി കുറയുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നു. നിലവിലെ വിമർശനങ്ങൾക്ക് ആധാരം വസ്തുതകളല്ല, വികാരമാണ്. നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു പാദത്തിൽ വളർച്ചാ നിരക്കു കുറയുന്നത് സാമ്പത്തിക നിലയ്ക്ക് വലിയ പ്രശ്നമല്ല. ഇന്ത്യൻ സാമ്പത്തിക നില ഒരിക്കൽ ദുർബലമായിരുന്നു. വൻ സാമ്പത്തില വിദഗ്ധൻമാരുള്ളപ്പോൾ എങ്ങനെയായിരുന്നു ഇത് സംഭവിച്ചിരുന്നതെന്നും മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിനെ ലക്ഷ്യമിട്ട് മോദി ചോദിച്ചു.
കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചരക്കു സേവന നികുതി മൂന്ന് മാസം കൂടി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ന്യൂഡൽഹിയിൽ കമ്പനി സെക്രട്ടറിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ മോദി പറഞ്ഞു.
നേരത്തെ, രാജ്യത്ത് വളർച്ചാ നിരക്ക് കുറയുമെന്ന് റിസർവ് ബാങ്ക് ഗവര്‍ണര്‍ (ആർബിഐ) ഉർജിത്ത് പട്ടേൽ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് മോദി രംഗത്ത് എത്തിയത്.
ആര്‍ബിഐയുടെ നിരീക്ഷണം:
“രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്രതീക്ഷിച്ച 7.3 ശതമാനം വളർച്ചാ കൈവരിക്കാൻ സാധിക്കില്ല. രാജ്യത്ത് വരും മാസങ്ങളിൽ നാണ്യപ്പെരുപ്പം ഇനിയും കൂടും. വിലക്കയറ്റം ഉണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. നാണ്യപ്പെരുപ്പം കുറയ്ക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ” ആർബിഐ ഗവർണർ വ്യക്തമാക്കിയിരുന്നു.